കൊച്ചി: നോ ടു ഡ്രഗ്സ്, യെസ് ടു ഫിറ്റ്നസ് എന്ന സന്ദേശമുയര്‍ത്തി ഗ്രൂപ്പ് ഓഫ് ടെക്നോളജി കമ്പനീസ് (ജി- ടെക്) മാരത്തണ്‍ നാലാം പതിപ്പ് 15ന് ഇന്‍ഫോപാര്‍ക്ക് കേന്ദ്രീകരിച്ച് നടക്കും.
പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി ഹാഫ് മാരത്തണ്‍ (21 കി.മീ), 10 കി.മീ റണ്‍, ഫണ്‍ റണ്‍ (3 കി.മീ) എന്നിങ്ങനെ മൂന്നു വിഭാഗങ്ങളിലായാണു മത്സരങ്ങള്‍. മൂവായിരത്തോളം വനിതകളുള്‍പ്പെടെ പതിനായിരത്തിലധികം പേര് പങ്കെടുക്കും.
കോളജ് വിദ്യാര്‍ഥികള്‍, ഐടി പ്രഫഷണലുകള്‍, കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, പ്രതിരോധ സേനാംഗങ്ങള്‍, കോര്‍പറേറ്റ് ജീവനക്കാര്‍ എന്നിവര്‍ ഇതിനകംതന്നെ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, കൊച്ചി എന്നീ ഐടി ഹബ്ബുകള്‍ കേന്ദ്രീകരിച്ച് വര്‍ഷം തോറും സംഘടിപ്പിക്കപ്പെടുന്ന ഈ മാരത്തണ്‍, ടെക്നോ പാര്‍ക്ക്, ഇന്‍ഫോ പാര്‍ക്ക് എന്നീ ഐടി പാര്‍ക്കുകള്‍ക്ക് ചുറ്റുമുള്ള റൂട്ടുകളിലൂടെയാണു നടക്കുക.
കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ വ്യാപകമായ ലഹരി ഉപയോഗത്തെക്കുറിച്ചും അതിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണു ലക്ഷ്യം.
കേരളത്തെ ലഹരിമുക്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സമൂഹത്തെ ബോധവത്കരിക്കാന്‍ സംസ്ഥാനത്തെ ഒന്നര ലക്ഷത്തിലധികം ഐടി പ്രഫഷണലുകള്‍ ഒന്നിക്കുന്ന വേദിയാണിതെന്ന് ജി- ടെക് ചെയര്മാന് വി.കെ. മാത്യൂസ് പറഞ്ഞു.